
കണ്ണൂർ:വിമാനത്താവളത്തിൽ സുരക്ഷയ്ക്കു കേരള പൊലീസിനു പകരം സിഐഎസ്എഫ് നെ നിയോഗിക്കാൻ കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) തീരുമാനം. കേരള പൊലീസിനെ നിയോഗിക്കാൻ നേരത്തേയുണ്ടായിരുന്ന നിർദേശം തള്ളിക്കൊണ്ടാണിത്.ഇക്കാര്യം വ്യോമയാന മന്ത്രാലയത്തിലെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെയും (ഡിജിസിഎ) ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെയും (ബിസിഎഎസ്) ഉന്നത ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ കിയാൽ എംഡി പി.ബാലകിരൺ അറിയിച്ചു.വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതിനോടൊപ്പം തന്നെ സുരക്ഷ, ഇമിഗ്രേഷൻ, കസ്റ്റംസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ആവശ്യമായ ജീവനക്കാരെ അനുവദിക്കുന്നതിനും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ശ്രമിക്കുന്നതായി പി.ബാലകിരൺ പറഞ്ഞു.കസ്റ്റംസ് ഇതിനകം കണ്ണൂരിനെ അവരുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ജനുവരിയോടെ മറ്റ് ഏജൻസികളുടെ കാര്യങ്ങളിലും അന്തിമ തീരുമാനമാക്കുകയും വൈകാതെ എയ്റോഡ്രോം ലൈസൻസിന് അപേക്ഷ നൽകുകയുമാണു ലക്ഷ്യം.