ബെയ്ജിങ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെക്കുറിച്ച് ലോകത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ മരിച്ചു.ഡോക്ടര്‍ ലീ വെന്‍ലിയാ(34)ങ്ങാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ. ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചൈനയിലെ വൂഹാന്‍ പ്രവിശ്യയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലൂടെയാണ് ലീ പുറം ലോകത്തെ അറിയിച്ചത്. വീ ചാറ്റിലെ ഒരു ഗ്രൂപ്പില്‍ ലീ പങ്കുവെച്ച മെസേജാണ് ഈ രോഗത്തെ കുറിച്ച് പുറം ലോകത്തിന് ആദ്യം മനസ്സിലാക്കി കൊടുത്തത്.അതേസമയം ചാറ്റ് ഗ്രൂപ്പില്‍ ലീ നല്‍കിയ ഈ മുന്നറിയിപ്പ് വ്യാജമാണെന്ന് അറിയിച്ച് അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയുണ്ടാകും എന്നുവരെ അധികൃതര്‍ ലീയെ അറിയിച്ചു. ആവര്‍ത്തിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു രേഖാമൂലം മുന്നറിയിപ്പും നല്‍കി. അഭ്യൂഹപ്രചാരണത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ വൈകാതെ പോലീസ് അന്വേഷണവും ആരംഭിച്ചു. വൈറസ്‌ബാധിതരായി മരണത്തിനു കീഴടങ്ങിയവരുടെ എണ്ണം ചൈനയില്‍ അനുദിനം പെരുകിയതോടെയാണു ലീയുടെ ആശങ്ക അസ്‌ഥാനത്തായിരുന്നില്ലെന്ന് അധികൃതര്‍ക്കു ബോധ്യമായത്. ഇതേത്തുടര്‍ന്നു വുഹാന്‍ ഭരണകൂടം അദ്ദേഹത്തോട് മാപ്പുചോദിച്ചിരുന്നു. ഇതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ലീ കഴിഞ്ഞമാസം 12 ന് ആശുപത്രിയിലായി. കഴിഞ്ഞ ഒന്നിനു രോഗം സ്‌ഥിരീകരിച്ചതിനുപിന്നാലെ ഇക്കാര്യം വ്യക്‌തമാക്കി ആശുപത്രിക്കിടക്കയില്‍നിന്ന് ലീ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തിരുന്നു. തന്റെ വാക്കുകള്‍ക്ക് വിലകൊടുത്തിരുന്നെങ്കില്‍ രോഗം ഇത്ര വ്യാപകമാകുകയില്ലെന്നായിരുന്നു അവസാന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.