Kerala, News

സംസ്ഥാനത്ത് ഇനി മുതൽ മിക്‌സഡ് സ്‌കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കാൻ നിർദേശം

keralanews child rights commission order that from now mixed schools are enough in the state proposed to be implemented from the next academic year

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ മിക്‌സഡ് സ്‌കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.പദ്ധതി ഉറപ്പാക്കാൻ സർക്കാർ കർമ്മ പദ്ധതി തയ്യാറാക്കണമെന്നും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. മൂന്നുമാസത്തിനകം പുരോഗതി റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശിച്ചു. പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് നിർദേശമെന്ന് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.2023-24 അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്തെ ബോയ്‌സ്, ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാനാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്‌കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്‌കൂളുകൾ പ്രവർത്തിക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളിൽ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്റെ ഉത്തരവ്.

Previous ArticleNext Article