തിരുവനന്തപുരം:സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും ഉടന്‍ അടച്ചു പൂട്ടണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്.അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമീഷന്‍ ഉത്തരവിറക്കി.അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ നിലവില്‍ പഠിച്ചു വരുന്ന കുട്ടികള്‍ക്ക് തുടര്‍ പഠനം സാധ്യമാക്കുന്നതിനായി മറ്റ് സർക്കാർ, എയ്ഡഡ്, അംഗീകൃത സ്‌കൂളുകളില്‍ പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിൽ പെട്ട അംഗീകാരമുളള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതും പൊതുജനങ്ങളുടെ അറിവിലേക്കായി പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തേണ്ടതുമാണെന്നും കമ്മീഷൻ നിർദേശിച്ചു.സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും അനധികൃതമായും സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ, സംസ്ഥാന സര്‍ക്കാര്‍ സിലബസുകള്‍ പഠിപ്പിക്കുന്ന പല അണ്‍ എയ്ഡഡ് സ്ഥാപങ്ങള്‍ക്കും അഫിലിയേഷനോ അംഗീകാരമോ ഇല്ലെന്നും കമ്മീഷന്‍ കണ്ടെത്തി.സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മെയ് 31ന് മുന്‍പായി കമ്മീഷന് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം റെനി ആന്റണിയുടെ ഉത്തരവില്‍ പറയുന്നു.