കണ്ണൂർ:ഉത്തരമലബാറിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകി മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സിന്തറ്റിക് ട്രാക്ക് സജ്ജമായി.സർവകലാശാല കായിക പഠന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആറരക്കോടി രൂപ ചിലവിൽ 400 മീറ്ററിന്റെ എട്ട് ലൈനുകളുള്ള ട്രാക് സജ്ജമാക്കിയത്.ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻ ട്രാക് പരിശോധിച്ച് അംഗീകാരം നൽകിക്കഴിഞ്ഞു.നിലവിൽ കാലിക്കറ്റ്,കേരള സർവ്വകലാശാലകളിലാണ് സിന്തറ്റിക് ട്രാക്ക് ഉള്ളത്.ട്രാക്കിന്റെ ഉൽഘാടനം അഞ്ചാം തീയതി രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ട്രാക്കിനോടനുബന്ധിച്ചുള്ള സർവകലാശാല അത്ലറ്റിക് കോച്ചിങ് സെന്ററിന്റെ ഉൽഘാടനം ടി.വി രാജേഷ് എംഎൽഎ നിർവഹിക്കും.ഒളിമ്പ്യൻ ഷൈനി വിൽസൺ മുഖ്യാതിഥിയായിരിക്കും.സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.എം.പി മാരായ പി.കെ ശ്രീമതി,പി.കരുണാകരൻ,മുല്ലപ്പള്ളി രാമചന്ദ്രൻ,എം.ഐ ഷാനവാസ്,കെ.കെ രാഗേഷ്,ജില്ലാപ്രസിഡന്റ് കെ.വി സുമേഷ്,സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഓ.കെ ബിനീഷ്,സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
അന്താരാഷ്ട്ര നിലവാരത്തിലാണ് സിന്തറ്റിക് ട്രക്കും ഗ്രൗണ്ടും പൂർത്തിയാക്കിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ഇൻഫ്രാ കമ്പനിയാണ് ട്രാക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.നാല് ജമ്പിങ് പിറ്റുകാർ,ഹമ്മർ ത്രോ,ഡിസ്കസ് ത്രോ കെയ്‌ജുകൾ എന്നിവയ്ക്ക് പുറമെ സ്റ്റീപ്പിൾ ചെയ്‌സ് മത്സരത്തിനുള്ള വാട്ടർ ജംപും ട്രാക്കിൽ ക്രമീകരിച്ചിട്ടുണ്ട്.100 മീറ്റർ നീളത്തിലും 76 മീറ്റർ വീതിയിലും ബർമുഡ ഗ്രാസ് വച്ചുപിടിപ്പിച്ച ഫുട്ബോൾ ഫീൽഡും ട്രക്കിനുള്ളിൽ നിർമിച്ചിട്ടുണ്ട്.3000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി,എക്യുപ്മെന്റ് സ്റ്റോർ റൂം,ഡ്രസിങ് റൂം എന്നീ സംവിധാനങ്ങളുമുണ്ട്.