Kerala, News

കേരളത്തിലെ ഏഴു ജില്ലകൾ പൂർണ്ണമായും അടച്ചിടുമെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രി

keralanews chief minister said that the news that the seven districts of kerala would be completely closed is not true

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച ഏഴ് ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ഏഴ് ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍കോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ച ഒൻപത് ജില്ലകളില്‍ കടുത്ത നിയന്ത്രണ ഏര്‍പ്പെടുത്തുമെന്നാണ് ചീഫ് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയത്. തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ആലപ്പുഴ, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ നിയന്ത്രണങ്ങളില്ല. കാസര്‍കോട് പൂര്‍ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല. ഭക്ഷ്യ ലഭ്യത ഉറപ്പാക്കും. ആള്‍ക്കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.അതേസമയം കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശിച്ചത്. ഇതിലാണ് കേരളത്തിലെ ഏഴ് ജില്ലകളും ഉള്‍പ്പെടുന്നത്.

Previous ArticleNext Article