തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി എൽഡിഎഫ് ഭരണത്തുടർച്ച സ്വന്തമാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്തെത്തും.കണ്ണൂരിലെ വീട്ടില്‍ ആയിരുന്നു അദ്ദേഹം. ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറാനാണ് തിരുവനന്തപുരത്ത് എത്തുന്നത്. പതിനൊന്നരയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കാണുക. തുടർന്ന് രാജിക്കത്ത് കൈമാറും. തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാകും പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച് ഔദ്യോഗിക നടപടികൾ സ്വീകരിക്കുക. നാളെ സിപിഎം സംസ്ഥാന സെക്രെട്ടരിയേറ്റ് യോഗം ചേർന്നാകും സർക്കാർ രൂപീകരണം സംബന്ധിച്ച് ചർച്ച നടത്തുക. ഇതിന് മുന്നോടിയായി കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും.നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കേരളത്തിൽ തുടർഭരണം ഉണ്ടാകുന്നത്. നൂറ് സീറ്റിൽ നിന്നും ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016 ൽ ലഭിച്ചതിനേക്കാൾ എട്ട് സീറ്റാണ് ഇത്തവണ ഇടത് പക്ഷത്തിന് ലഭിച്ചത്.