ന്യൂഡൽഹി: ലഫ്. ഗവർണർ അനിൽ ബൈജാലിന്‍റെ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും നടത്തിവന്ന സമരം അവസാനിപ്പിച്ചു.സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുമായി “അടിയന്തര’ കൂടിക്കാഴ്ച നടത്താൻ ലഫ്.ഗവർണർ കേജരിവാളിനു നിർദേശം നൽകിയതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. നീണ്ട നിശബ്ദതയ്ക്കു ശേഷമാണ് ലഫ്.ഗവർണർ വിഷയത്തിൽ പ്രതികരിച്ചത്.ഈ മാസം പതിനൊന്നിനാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മൂന്നു മന്ത്രിമാരും ലഫ്.ഗവർണറുടെ ഒൗദ്യോഗിക വസതിയിൽ സമരം ആരംഭിച്ചത്. ഡൽഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആം ആദ്മി പാർട്ടി നേതാക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് നാലു മാസമായി ചുമതലയിൽനിന്നു വിട്ടുനിൽക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് ജോലിയിൽ തിരിച്ചുകയറാൻ നിർദേശം നൽകുക, റേഷൻ വീട്ടുപടിക്കൽ എത്തിച്ചുനൽകാനുള്ള തീരുമാനത്തിന് അംഗീകാരം നൽകുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് കേജരിവാളും സംഘവും ലഫ്. ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സമരം നടത്തിവന്നിരുന്നത്.ലഫ്. ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സമരം എട്ടാം ദിവസത്തേക്കു കടന്നതോടെ നിരാഹാര സമരത്തിലായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മന്തി സത്യേന്ദ്ര ജെയിനിനെയും ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലേക്കു മാറ്റിയിരുന്നു.