കൊച്ചി:വേനൽചൂട് കനത്തതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് പടർന്നുപിടിക്കുന്നു.11 ദിവസത്തിനിടെ 746 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാ ജില്ലയിലും ദിവസവും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം കേസുകള്‍. മലപ്പുറത്തുമാത്രം 139 പേര്‍ക്കാണ് ഈ മാസം ഒന്നുമുതല്‍ 11 വരെ രോഗം ബാധിച്ചത്.അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുന്നതിനനുസരിച്ചാണ് രോഗം പടരുന്നത്. ഏപ്രിലിലും മേയിലും രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.രോഗികളെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെങ്കിലും എളുപ്പത്തില്‍ പടരുന്നതിനാല്‍ പ്രത്യേക ജാഗ്രതവേണം.ചൊള്ള എന്നും പൊട്ടി എന്നും പ്രാദേശികമായി അറിയപ്പെടുന്ന, വായുവിലൂടെ വളരെ വേഗത്തില്‍ പകരുന്ന വൈറസ് രോഗമാണ് ചിക്കന്‍പോക്സ്. നേരിയ ചൊറിച്ചിലോടുകൂടി തുടങ്ങുന്ന ചുവന്നുതിണര്‍ത്ത പാടുകളില്‍നിന്ന് തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകള്‍പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് പ്രധാന രോഗലക്ഷണം. ഇതിനുമുന്നോടിയായി തലവേദന, പനി, ക്ഷീണം എന്നിവയും അനുഭവപ്പെടാം. കുരുക്കള്‍ പിന്നീട് ശരീരത്തിലാകമാനം വ്യാപിക്കുകയും ചൊറിച്ചിലുണ്ടാവുകയും ചെയ്യും.10-21ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗം ബാധിച്ചയാള്‍ മൂക്കുചീറ്റിയാലും തുമ്മിയാലും രോഗം ബാധിച്ച ശരീരഭാഗങ്ങളില്‍ മറ്റൊരാള്‍ സ്പര്‍ശിച്ചാലും പകരും.