കണ്ണൂർ:കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത ചെറുവത്തൂർ സ്വദേശി അറസ്റ്റിൽ.വായിക്കോട് മുഴക്കോം താളൂർ വീട്ടിൽ ടി.വി ബൈജുവാണ്(31) കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിലായത്.എറണാകുളത്തെ ലോഡ്ജിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.195 ഫീൽഡ് റെജിമെന്റിൽ ഗണ്ണർ തസ്തികയിൽ ജോലി ചെയ്തിരുന്നയാളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.കണ്ണൂർ ജില്ലയിലെ ഏഴുപേരിൽ നിന്നായി 10.31 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് പരാതി.പിണറായി സ്വദേശികളായ വിഘ്‌നേശ്,രഖിൽ,സ്നേഹ,അക്ഷയ,അനില,പിലാത്തറ സ്വദേശികളായ ശ്രീദത്ത്,ശ്രീരാഗ് എന്നിവരുടെ പരാതിയിലാണ് നടപടി.കാസർകോഡ് ഉൾപ്പെടെയുള്ള അയൽജില്ലകളിലും ഇയാൾ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഒരുതവണ പരിചയപ്പെട്ട ഉദ്യോഗാർത്ഥി വഴി മറ്റ് ഉദ്യോഗാർത്ഥികളുമായി ബന്ധം സ്ഥാപിക്കുകയാണ് ഇയാളുടെ രീതി.ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ ഇയാൾ വികാസ്,പ്രിൻസ്,കാർത്തിക് എന്നീ പേരുകളിലാണ് ഉദ്യോഗാർത്ഥികളെ പരിചയപ്പെടാറുള്ളത്.പുരുഷന്മാർക്ക് കരസേനയിൽ ജനറൽ കാറ്റഗറിയിലേക്കും വനിതകൾക്ക് സിഐഎസ്എഫിലേക്കുമാണ് ഇയാൾ തൊഴിൽ വാഗ്ദാനം ചെയ്യുന്നത്.കരസേനയിൽ നിന്നും മൂന്നു വർഷം മുൻപ് ഇയാൾ ഒഴിവായതായാണ് വിവരം.ഇയാളുടെ പേരിൽ ഭാര്യ നൽകിയ ഒരു പരാതി നിലനിൽക്കുന്നതായും പോലീസ് പറഞ്ഞു.