ചെറുപുഴ ∙ മലയോരത്തിന്റെ സ്വപ്നപദ്ധതിയായ ചെറുപുഴ റെഗുലേറ്റർ– കം– ബ്രിഡ്ജ് ഉദ്ഘാടനത്തിനു മുൻപേ ചോർന്നൊലിക്കാൻ തുടങ്ങി. ആറു സ്പാനുകളുള്ള റെഗുലേറ്റർ– കം– ബ്രിഡ്ജിനു 2014 ഫെബ്രുവരി 22ന് അന്നത്തെ ജലസേചനവകുപ്പു മന്ത്രി പി.ജെ.ജോസഫാണ് തറക്കല്ലിട്ടത്. രണ്ടു വർഷം കൊണ്ടു പണി പൂർത്തിയാക്കണമെന്നു മന്ത്രി നിർദേശിച്ചിരുന്നുവെങ്കിലും പല കാരണങ്ങൾ കൊണ്ടു മൂന്നു വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. മരപ്പലകയിട്ട് ജലം സംഭരിക്കാൻ തുടങ്ങിയതോടെയാണ് തടയണയുടെ പല ഭാഗങ്ങളിലും ചോർച്ച കാണപ്പെട്ടത്. റെഗുലേറ്റർ– കം– ബ്രിഡ്ജിന്റെ ഒരു തൂണിനുള്ളിൽ നിന്നും വെള്ളം പുറത്തേക്കു ചോർന്നൊലിക്കുന്നുണ്ട്. ഉദ്ഘാടനത്തിനു മുൻപേ തന്നെ ചോർന്നൊലിക്കാൻ തുടങ്ങിയതു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.