മുംബൈ:ഐപിഎല്‍ കലാശപ്പോരില്‍ സണ്‍റൈസേഴ്‍സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം.ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിന്റെ രാജകീയ വിജയവുമായാണ് ചെന്നൈ ഒരിടവേളക്ക് ശേഷം ഐപിഎൽ കിരീടം ചൂടിയത്. ഷെയ്‍ന്‍ വാട്സന്റെ തിളക്കമേറിയ സെഞ്ച്വറിയാണ് ചെന്നൈക്ക് കിരീടം സമ്മാനിച്ചത്.ഹൈദരാബാദ് ഉയർത്തിയ 179 റൺസ് എന്ന വിജയലക്ഷ്യം ഒൻപതു ബോൾ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു.10 റണ്‍സെടുത്ത ഡുപ്ലിസിസിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും വാട്സനും റെയ്നയും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. 12 ഓവറില്‍ ഒരു വിക്കറ്റിന് 104 റണ്‍സ് എന്ന നിലയിലായിരുന്ന ചെന്നൈയുടെ കുതിപ്പിന് സന്ദീപ് ശര്‍മ എറിഞ്ഞ പതിമൂന്നാം ഓവർ ബോണസായി. സന്ദീപിന്റെ ഓവറില്‍ വാട്സ്ണ്‍ പറത്തിയ ഹാട്രിക് സിക്സര്‍ അടക്കം മൊത്തം 27 റണ്‍സാണ് പിറന്നത്.57 പന്തില്‍ നിന്ന് 8 സിക്സറിന്റെയും 11 ബൌണ്ടറികളുടെയും അകമ്പടിയോടെ 117 റണ്‍സാണ് വാട്സന്‍ അടിച്ചുകൂട്ടിയത്. 205.26 ആയിരുന്നു വാട്സന്‍റെ സ്ട്രൈക്ക് റേറ്റ്. സീസണിൽ വാട്സണ്‍ നേടുന്ന രണ്ടാമത്തെ സെഞ്ചുറിയായിരുന്നു ഇത്.റെയ്ന 32 റണ്‍സെടുത്തു.ഡുപ്ലസിസിന്‍റെയും (10 റണ്‍സ്), സുരേഷ് റെയ്നയുടെയും (32 റണ്‍സ്) വിക്കറ്റ് മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്.ഒത്തുകളി വിവാദത്തിൽപ്പെട്ട് രണ്ടുവർഷം സസ്പെൻഷനിലായിരുന്ന ചെന്നെയുടെ മടങ്ങിവരവ് മൂന്നാം കിരീടത്തിലേക്കായിരുന്നു.2010,11 വർഷങ്ങളിലും ചെന്നൈ ആയിരുന്നു ഐപിഎൽ ചാമ്പ്യന്മാർ.ഈ സീസണിൽ ഹൈദരാബാദുമായി കളിച്ച നാലുകളികളിൽ നാലും ജയിച്ചാണ് ചെന്നൈ ചാമ്പ്യന്മാരായത്.