Kerala, News

ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് മിന്നും ജയം

keralanews chengannur by election ldf candidate saji cheriyan won

ചെങ്ങന്നൂർ:കേരളം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് റിക്കാര്‍ഡ് വിജയം. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ നേടിയെടുത്തത്.റെക്കോർഡ് ഭൂരിപക്ഷമായ 20,956 വോട്ട്  സജി ചെറിയാന്‍ സ്വന്തമാക്കുകയും ചെയ്തു. 1987-ലെ തെരഞ്ഞെടുപ്പില്‍ മാമന്‍ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റിക്കാര്‍ഡ്. 67,303 വോട്ടുകളാണ് സജി ചെറിയാൻ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഡി.വിജയകുമാറിന് 46,347 വോട്ടുകൾ ലഭിച്ചു. 35,270 വോട്ടുകൾ നേടി എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്തെത്തി.ആദ്യം വോട്ടെണ്ണിത്തുടങ്ങിയ മാന്നാർ പഞ്ചായത്തിൽ തുടങ്ങിയ ഇടതു മുന്നേറ്റം വോട്ടണ്ണലിന്‍റെ അവസാനം വരെ നിലനിർത്താൻ സജി ചെറിയാന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർഥിക്ക് ലീഡ് നേടാനും കഴിഞ്ഞില്ല എന്നതും ഇടത് വിജയത്തിന്‍റെ മാറ്റ് കൂട്ടി.കേരള കോണ്‍ഗ്രസ്-എം ഭരിക്കുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അവസാന നിമിഷം യുഡിഎഫിലേക്ക് എത്തിയ കെ.എം.മാണിക്കും തിരിച്ചടിയായി. യുഡിഎഫ് സ്ഥാനാർഥി വിജയകുമാറിന്‍റെ വീട് ഉൾപ്പെടുന്ന പുലിയൂർ പഞ്ചായത്തിൽ യുഡിഎഫ് രണ്ടാമതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല പഞ്ചായത്തിൽ 2,353 വോട്ടിന്‍റെ വ്യക്തമായ ലീഡാണ് സജി ചെറിയാൻ നേടിയത്.പോസ്റ്റൽ വോട്ടുകളിൽ ഒരെണ്ണം മാത്രമാണ് സജി ചെറിയാന് നഷ്ടമായത്. ആകെ ലഭിച്ച 43 പോസ്റ്റൽ വോട്ടുകളിൽ 42 എണ്ണവും ഇടത് സ്തനാർത്ഥിക്കായിരുന്നു.ഒരു വോട്ട് ബിജെപിക്കും ലഭിച്ചു.യുഡിഎഫിന് പോസ്റ്റൽ വോട്ടുകളൊന്നും ലഭിച്ചില്ല.

Previous ArticleNext Article