കല്‍പ്പറ്റ:വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ തിങ്കളാഴ്ച വയനാട് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് മുൻപാകെ ഹാജരാകാൻ ഉത്തരവ്.പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ നല്‍കിയ പരാതിയിലാണ് മഞ്ജു വാര്യരോട് ഹിയറിങ്ങിന് നേരിട്ട് ഹാജരാകാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി ഉത്തരവിട്ടത്.ഇതേ പരാതിയില്‍ മുന്‍ ഹിയറിങ്ങുകളില്‍ മഞ്ജു ഹാജരായിരുന്നില്ല.മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വഞ്ചിച്ചതിനാല്‍ സര്‍ക്കാര്‍ സഹായം നഷ്ടപ്പെട്ടെന്നാണ് കുടുംബങ്ങളുടെ പരാതി.പരക്കുനിയിലെ പണിയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വീടും മറ്റ് സൗകര്യങ്ങളും ഒരുക്കാമെന്ന് പറഞ്ഞ് 2017 ജനുവരി 20ന് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് കലക്ടര്‍ക്കും പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയിരുന്നു. ഒന്നേമുക്കാല്‍ കോടിയിലധികം ചെലവഴിച്ച് 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടും മറ്റ് സൗകര്യങ്ങളുമൊരുക്കുമെന്നായിരുന്നു വാഗ്ദാനം. പ്രളയത്തില്‍ ഈ പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. മഞ്ജുവാര്യര്‍ ഫൗണ്ടേഷന്റെ പദ്ധതിയുള്ളതിനാല്‍ ഇവിടെ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും പദ്ധതികള്‍ ലഭിച്ചില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു. പിന്നീട് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനത്തില്‍നിന്നും പിന്മാറി. 57 കുടുംബങ്ങള്‍ക്ക് ഒന്നേമുക്കാല്‍കോടി ചെലവില്‍ വീട് നിര്‍മിച്ചുനല്‍കാന്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്നതല്ലെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു സംഭവം വിവാദമായപ്പോള്‍ മഞ്ജുവാര്യരുടെ പ്രതികരണം.