Kerala, News

പാലത്തായി പീഡനകേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതിക്കെരെ ശാസ്ത്രീയ തെളിവുകള്‍

keralanews chargesheet submitted in palathayi rape case scientific evidences against the accused

കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡി.വൈ.എസ്.പി രത്‌നകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.സ്‌കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്. ഇതിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്.ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. ആദ്യം പാനൂര്‍ പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. തുടര്‍ന്ന് മാര്‍ച് 17 ന് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമര്‍പിച്ചപ്പോള്‍ പോക്‌സോ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് രണ്ടു വനിത ഐ പി എസ് ഓഫിസര്‍മാരെ ഉള്‍പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഇവരുള്‍പ്പെട്ട സംഘം ഹൈകോടതിയില്‍ നല്‍കിയ റിപോര്‍ട്, ഇരയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നായിരുന്നു.പൊലീസ് കേസ് തേച്ചുമായ്ച്ച്‌ കളയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. കേസിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഐ ജി ശ്രീജിത്തിനെ ഹൈകോടതി ഇടപ്പെട്ട് മാറ്റിയിരുന്നു. ഇരയുടെ മൊഴിയുണ്ടായിട്ടും പോക്‌സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമര്‍പിച്ച ഭാഗിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചതും വിവാദമായിരുന്നു.സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇയാള്‍ സംസ്ഥാനം വിട്ടുവെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പാനൂരില്‍വെച്ചു തന്നെ അറസ്റ്റുചെയ്തത്.

Previous ArticleNext Article