കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ദ്ധരും പങ്കെടുക്കുന്ന യോഗം ചേരും.ഇതിനു ശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക.ദിലീപിന് ജാമ്യം ലഭിച്ചത് കൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് നീട്ടിക്കൊണ്ടുപോകില്ലെന്നും ഈ ആഴ്ച തന്നെ സമർപ്പിക്കുമെന്നും ആലുവ റൂറൽ എസ്.പി എ.വി ജോർജ് പറഞ്ഞു. കേസിൽ സമഗ്രമായ കുറ്റപത്രം തന്നെയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.ഇരുപതിലേറെ നിർണായക തെളിവുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, കുറ്റസമ്മത മൊഴികൾ,സാക്ഷിമൊഴികൾ,രഹസ്യമൊഴികൾ, ഫോറൻസിക് റിപ്പോർട്ടുകൾ, നേരിട്ടുള്ള തെളിവുകൾ,സാഹചര്യ തെളിവുകൾ,സൈബർ തെളിവുകൾ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് കുറ്റപത്രമായി സമർപ്പിക്കുന്നത്.ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന.കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരുമെന്നും നിർണായക തെളിവായ മൊബൈൽ ഫോണിന് വേണ്ടിയുള്ള അന്വേഷണം തുടരുമെന്നും അന്വേഷണ സംഘം കോടതി മുൻപാകെ വ്യക്തമാക്കും.കേസിന്റെ പ്രാധാന്യവും പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും കണക്കിലെടുത്ത് വിചാരണ പൂർത്തിയാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാർശയും സർക്കാരിന് മുൻപാകെ ഡിജിപി സമർപ്പിക്കും.
Kerala, News
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും
Previous Articleപ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടുത്തം