Kerala, News

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡത്തില്‍ മാറ്റം

keralanews change in the discharge criteria of covid patients in the state

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡത്തില്‍ മാറ്റം. ഗുരുതര അസുഖമില്ലാത്ത രോഗികള്‍ക്ക് ഡിസ്ചാര്‍ജിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട.72 മണിക്കൂര്‍ ലക്ഷണം കാണിച്ചില്ലെങ്കില്‍ ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാമെന്ന് പുതിയ മാനദണ്ഡത്തില്‍ പറയുന്നു. ഗുരുതര രോഗികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ.നേരിയ ലക്ഷണം ഉള്ളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. നിലവില്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ മാത്രമാണ് ഡിസ്ചാര്‍ജ്. ഗുരുതരമായവര്‍ക്ക് പതിനാലാം ദിവസം പരിശോധന നടത്തും. ടെസ്റ്റ് ചെയ്യാതെ ഡിസ്ചാര്‍ജ് ആയവര്‍ മൊത്തം 17 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. നിരീക്ഷണത്തില്‍ തുടരുന്ന കാലയളവില്‍ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് രോഗികള്‍ സ്വയം പരിശോധിക്കണമെന്നും പുതിയ മാനദണ്ഡത്തില്‍ പറയുന്നു.കിടക്കകള്‍ നിറയാതിരിക്കാന്‍ വേണ്ടിയുള്ള ഈ തീരുമാനം എത്രയും വേഗം നടപ്പിലാക്കും.അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 28,469 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൂട്ട പരിശോധനകളുടെ ഭാഗമായി 2,90,262 സാമ്പിളുകളാണ് ഇത് വരെ ശേഖരിച്ചത്. ഇതടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്.

Previous ArticleNext Article