Kerala, News

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം;വാരാന്ത്യ ലോക്ഡൗണ്‍‍ ഞായറാഴ്ച മാത്രം; കടകള്‍‍ രാത്രി ഒന്‍പതു വരെ തുറക്കാം

keralanews change in lockdown restrictions in the state weekend lockdown sunday only shops open until 9 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി സർക്കാർ. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കും. രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിലെ എല്ലാ കടകളും ആറ് ദിവസങ്ങളിലും തുറക്കാനും സാധ്യത. കൂടുതല്‍ രോഗികളുള്ള സ്ഥലത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് സഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുന്നത്. കേരളത്തിലെ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നതടക്കമുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇനി രോഗികളുടെ എണ്ണം കണക്കിലെടുത്തായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. നൂറോ, ആയിരമോ ആളുകളില്‍ എത്ര പേര്‍ പോസിറ്റീവ് ആണെന്ന് നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം വിലയിരുത്തുക. രോഗികള്‍ കൂടുതലുള്ള സ്ഥലത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. അല്ലാത്തിടങ്ങളില്‍ കൂടുതല്‍ ഇളവുകളും ലഭിക്കും. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ച്‌ അവ മാത്രം അടച്ചിടും. പോലീസ്, ആരോഗ്യ വകുപ്പുകളുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് തീരുമാനം.ഇനി തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാം. ഞായറാഴ്ച മാത്രമായിരിക്കും വാരാന്ത്യ ലോക്ഡൗൺ ഉണ്ടാവുക.അതേസമയം ആഗസ്റ്റ് 15, 22 (മൂന്നാം ഓണം) തീയതികളിൽ ഈ നിയന്ത്രണം ബാധകമായിരിക്കില്ല.ഇളവുകൾ അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

Previous ArticleNext Article