തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ(ഡബ്ല്യൂഐപിആർ) എട്ട് ശതമാനത്തിൽ മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. നിലവിൽ പത്തിന് മുകളിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം. ഡബ്ല്യഐപിആർ 14ന് മുകളിലുള്ള ജില്ലകളിൽ 50 ശതമാനം മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും.ആദ്യ ഉത്തരവിൽ വാക്‌സിൻ, ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.എന്നാൽ നിലവിൽ നിബന്ധനപാലിക്കാൻ കഴിയുന്നവർ വീട്ടിലില്ലെങ്കിൽ വാക്‌സിൻ എടുക്കാത്തവർക്ക് കടയിൽപോകാം. ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷങ്ങൾക്ക് അനുമതിയില്ല, ബീച്ചുകളിലും നിയന്ത്രണം ഏർപ്പെടുത്തും. ചിങ്ങം ഒന്നിന് ശബരിമലനട തുറക്കുമ്പോൾ പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കും. രണ്ടുഡോസ് വാക്‌സിനോ 72 മണിക്കൂറിനുള്ളിലെ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കി. മദ്യം വാങ്ങാൻ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റാണ് വേണ്ടത്. ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇളവുണ്ട്. ബെവ് കോ ഔട്ട് ലെറ്റുകൾക്ക് മുന്നിൽ നാളെ മുതൽ ഇക്കാര്യം സൂചിപ്പിച്ചുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്നു ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റിൽ പോകുന്നവർക്കും വാക്‌സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ പരിശോധനാഫലമോ നിർബന്ധമാക്കിയത്.