തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം. ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്ക് (ഡബ്ല്യുഐപിആര്‍) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തി.ഡബ്ല്യുഐപിആര്‍ പത്ത് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു നേരത്തെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഡബ്ല്യുഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് വാര്‍ഡുകളിലാണ് സമ്പൂർണ്ണ ലോക്ക് ഡൗണ്‍.പാലക്കാട് ജില്ലയില്‍ 282 വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക് ഡൗണാണ്. തൃശൂരില്‍ 39 പ്രദേശങ്ങളിലും കോട്ടയത്ത് 26 വാര്‍ഡുകളിലുമാണ് കര്‍ശന നിയന്ത്രണം. സമ്പൂർണ്ണ ലോക്ക് ഡൗണുള്ള പ്രദേശങ്ങളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴു വരെ അവശ്യസര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് നിര്‍ദേശം. കടകളിലും മറ്റും പോവാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരുംതന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ മറ്റുള്ളവർക്ക് കടകളില്‍ പോകാവുന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണം. അവര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.