Kerala, News

സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം

keralanews change in covid protocol in the state

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം വരുത്തി. ഇത് മൂന്നാം തവണയാണ് മാനദണ്ഡങ്ങള്‍ പുതുക്കുന്നത്.മൂന്നാം തരംഗം മുന്നില്‍ക്കണ്ട് മരണനിരക്ക് കുറയ്ക്കുക, വൈറസിന്റെ സ്വഭാവം, വരുന്ന മാറ്റങ്ങള്‍ എന്നിവക്ക് അനുസരിച്ച്‌ വിദഗ്ധ ചികിത്സ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ കൂടി മാനദണ്ഡങ്ങള്‍ പുതുക്കിയതിന് പിന്നിലുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി (എ, ബി, സി) തിരിച്ചാണ് കൊവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നത്. നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം മതി. അവര്‍ക്ക് ആന്റിബയോട്ടിക്കുകളോ, വൈറ്റമിന്‍ ഗുളികകളോ നല്‍കേണ്ട ആവശ്യമില്ല. അതേസമയം, കൃത്യമായ നിരീക്ഷണവും ഐസൊലേഷനും ഉറപ്പ് വരുത്തണം. നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് അപായ സൂചനകളുണ്ടെങ്കില്‍ (റെഡ് ഫ്ളാഗ്) കണ്ടുപിടിക്കാനായി നേരത്തെ പുറത്തിറക്കിയ ഗൈഡ് ലൈന്‍ കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.രോഗ സ്വഭാവമനുസരിച്ച്‌ അഞ്ച് തരത്തിലുള്ള പരിചരണമാണ് ഉറപ്പ് വരുത്തുന്നത്. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് ഹോം കെയര്‍ ഐസൊലേഷന്‍ മാത്രം മതിയാകും. എന്നാല്‍ വീട്ടില്‍ ഐസോലേഷന് സൗകര്യമില്ലാത്തവരെ ഡി സി സികളില്‍ പാര്‍പ്പിക്കണം. കാറ്റഗറി എയിലെ രോഗികളെ സി എഫ് എല്‍ ടി സികളിലേക്കും കാറ്റഗറി ബിയിലെ രോഗികളെ സി എസ് ടി എല്‍ സി എന്നിവിടങ്ങളിലും കാറ്റഗറി സിയിലുള്ള ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിലുമായിരിക്കും ചികിത്സിക്കുക.ഗര്‍ഭിണികളെ മരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ പ്രത്യേക ക്രിട്ടിക്കല്‍ കെയര്‍ മാര്‍ഗ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമേഹ രോഗികളിലെ കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ പ്രമേഹ രോഗ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. കുട്ടികളുടെ ക്രിട്ടിക്കല്‍ കെയര്‍, ഇന്‍ഫെക്ഷന്‍ മാനേജ്മെന്റ്, പ്രായപൂര്‍ത്തിയായവരുടെ ക്രിട്ടിക്കല്‍ കെയര്‍, ശ്വാസതടസമുള്ള രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സ, ആസ്പര്‍ഗില്ലോസിസ്, മ്യൂകോര്‍മൈക്കോസിസ് ചികിത്സ എന്നിവയും പുതിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Previous ArticleNext Article