India, News

ചാന്ദ്രയാന്‍ 2;വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ അനിശ്ചിതത്വം തുടരുന്നു; ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

keralanews chandrayan2 the uncertainty over the soft landing of vikram lander remains uncertain isro chairman said the communication with lander was lost

ബെംഗളൂരു:ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ അനിശ്ചിതത്വം തുടരുന്നു. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.റഫ് ബ്രേക്കിംഗിനു ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിംഗ് പ്രക്രിയ തടസപ്പെട്ടത്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍ നിന്ന് തെന്നിമാറുകയായിരുന്നു.ചന്ദ്രനില്‍ നിന്ന് 2.1 കി.മീ മാത്രം അകലെവച്ച്‌ വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമായെന്നും വിവരങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാന്‍ഡിംഗ് ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.52ന് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നല്‍ ലഭിക്കാതെ വരികയായിരുന്നു. ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ മുകളില്‍നിന്നാണ് ലാന്‍ഡര്‍ ചന്ദ്രയാനില്‍ നിന്നും വേര്‍പെട്ടത്. ഇതിനു ശേഷം 15 നിമിഷങ്ങള്‍ക്കകം ചാന്ദ്രപ്രതലത്തില്‍ നാല് കാലുകളില്‍ വന്നിറങ്ങാനായിരുന്നു പദ്ധതി. ലാന്‍ഡര്‍ ഇറങ്ങുന്ന ചന്ദ്രന്‍റെ ദക്ഷിണധ്രുവം വന്‍ ഗര്‍ത്തങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളെത്തുടര്‍ന്ന് രൂപപ്പെട്ട നിരവധി പാറക്കെട്ടുകളുടെയും (ലാവ ഒഴുകി തണുത്തുറഞ്ഞ്) മേഖലയാണ്. അതുകൊണ്ടു തന്നെ അപകടരഹിതമായ ലാന്‍ഡിംഗ് കേന്ദ്രം കണ്ടെത്തുക വളരെ ശ്രമകരമാണ്.ഇന്നോളമുള്ള ചാന്ദ്രദൗത്യങ്ങളൊന്നും തൊട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാനായിരുന്നു ഐ.എസ്.ആര്‍.ഒ. പദ്ധതിയിട്ടിരുന്നത്. പര്യവേക്ഷണവാഹനം ചന്ദ്രനില്‍ പതിയെ ഇറക്കുന്ന (സോഫ്റ്റ് ലാന്‍ഡിങ്) നാലാമത്തെ രാജ്യമാവുകയെന്ന ഇന്ത്യയുടെ സ്വപ്നവും അവസാന നിമിഷം തെന്നിമാറി.നാലു ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ള ചന്ദ്രയാന്‍ 2 ദൗത്യത്തിലെ സന്ദേശങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഇസ്റോയുടെ ഇസ്ട്രാക് വിലയിരുത്തി തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കിവന്നത്. ഇതിനിടെയാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്.എന്നാല്‍ പ്രതീക്ഷ കൈവിടാറായിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ലാന്‍ഡറിന് ഓര്‍ബിറ്ററുമായി ആശയവിനിമയം സാധ്യമാകുന്നുണ്ട്. അവസാനം ലഭിച്ച ഡാറ്റകള്‍ വിശകലനം ചെയ്യുകയാണ്. എന്താണ് സംഭവിച്ചതെന്ന് വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചു. ഇതുവരെ കൈവരിച്ചത് ചെറിയ നേട്ടങ്ങളല്ല.ഉയര്‍ച്ചയും താഴ്ചയും സ്വാഭാവികമാണ്. ഇസ്റോയുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Previous ArticleNext Article