India, News

പ്രതീക്ഷയില്‍ ശാസ്ത്രലോകം;വിക്രം ലാൻഡറിനെ കണ്ടെത്തി;ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി

keralanews chandrayan2 find out vikram lander attempt started to restore connection with lander

ബെംഗളൂരു:ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്‌ആര്‍ഒ തീവ്രശ്രമം തുടരുകയാണ്. സോഫ്റ്റ് ലാന്‍ഡിംഗാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയിരിക്കാനാണ് സാധ്യതയെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പിടിഐയോട് വ്യക്തമാക്കിയിരുന്നു.ലാന്‍ഡറിനെ കണ്ടെത്താൻ കഴിഞ്ഞു. ഹാര്‍ഡ് ലാന്‍ഡിംഗ് നടന്നിരിക്കാനാണ് സാധ്യത എന്നാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവന്‍ വ്യക്തമാക്കിയത്.വിക്രം ലാന്‍ഡറിലെ റോവര്‍ പ്രഗ്യാന്റെയും ചിത്രങ്ങള്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ എടുത്തിട്ടുണ്ട്.ഓര്‍ബിറ്റര്‍ ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. ചന്ദ്രന് ചുറ്റും പ്രതീക്ഷിച്ച അതേ ഓര്‍ബിറ്റില്‍ത്തന്നെയാണ് ഓര്‍ബിറ്റര്‍ സഞ്ചരിക്കുന്നത്. ഹാര്‍ഡ് ലാന്‍ഡിംഗില്‍ ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന് ‘അത് നമുക്ക് ഇപ്പോഴും അറിയില്ലെ’ന്നാണ് കെ ശിവന്‍ വ്യക്തമാക്കിയത്.അവസാനഘട്ടത്തിലാണ് വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗ് ശ്രമം പാളിയത്.വിക്രമിന്റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാന്‍ഡിംഗിന്റെ അവസാനഘട്ടത്തിലെ വേഗത. അതിനാല്‍ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവര്‍ത്തിക്കാനായില്ല.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഓര്‍ബിറ്ററിന്റെ കൂടി സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്താലേ കൃത്യമായ അനുമാനങ്ങളിലെത്താനാകൂ.ഒരു ദിവസം ഏഴ് മുതല്‍ എട്ട് തവണ വരെയാണ് ഇപ്പോള്‍ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും ഓരോ ഭ്രമണത്തിലും ഓര്‍ബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം രണ്ട് മുതല്‍ മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെ ഓര്‍ബിറ്റര്‍ കടന്ന് പോകുക.വേണമെങ്കില്‍ ഓര്‍ബിറ്ററിന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച്‌ ഭ്രമണപഥത്തില്‍ മാറ്റം വരുത്താമെങ്കിലും അങ്ങനെ ചെയ്യുന്നത് ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തന കാലാവധിയെ ബാധിക്കുമെന്നതിനാല്‍ ഇസ്രൊ തല്‍ക്കാലം ഇതിന് മുതിരില്ല.ഓര്‍ബിറ്ററിന് ഇപ്പോള്‍ ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്ന മറ്റേത് ചന്ദ്രദൗത്യത്തേക്കാള്‍ മികച്ച ക്യാമറയാണുള്ളത് . ഈ ഹൈ റസല്യൂഷന്‍ ചിത്രങ്ങള്‍ ശാസ്ത്രലോകത്തിന് തന്നെ ഗുണകരമാകും.

Previous ArticleNext Article