ബെംഗളൂരു:ചന്ദ്രയാന്‍ രണ്ട് ദൌത്യം ലാന്‍ഡിങിന് മുന്നോടിയായുള്ള നിര്‍ണായഘട്ടം പൂര്‍ത്തിയാക്കി. ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡറിന്റെ ലാന്‍ഡിങ്.ഇന്ന് ഉച്ചക്ക് 1.15നാണ് ചന്ദ്രയാന്‍ ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടത്. ചന്ദ്രന്റെ ഉപരിലത്തില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്തും 127 കി.മീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു വേര്‍പെടല്‍. ഒരു നിര്‍ണായകഘട്ടം പിന്നിട്ടതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇനി ഇതേ ഭ്രമണപഥത്തില്‍ ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രനെ ചുറ്റും. വിക്രം ലാന്‍ഡറിന്റെ സഞ്ചാരപഥം നാളെ മുതല്‍ രണ്ട് ഘട്ടങ്ങളിലായി താഴ്ത്തും. സെപ്തംബര്‍ നാലിന് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാന്‍ഡറിനെ എത്തിക്കും. തുടര്‍ന്ന് ലാന്‍ഡറിന്റെ വേഗത കുറച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ശ്രമം നടത്തും.ഓര്‍ബിറ്ററിലെ ടെറൈന്‍ മാപ്പിങ് ക്യാമറ നല്‍കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലാന്‍ഡര്‍ ഇറങ്ങുന്ന സ്ഥലം നിശ്ചയിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടക്കുള്ള സമയമാണ് ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് ഇസ്രോ പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് നാല് മണിക്കൂര്‍ സമയമെടുത്ത് റോവര്‍ കൂടി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതോടെ ദൌത്യം പൂര്‍ണമാകും.ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങാണ് ഈ ദൌത്യത്തിലെ ഏറെ നിര്‍ണായക ഘട്ടം. ശ്രമം വിജയിച്ചാല്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെയും ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യത്തെയും രാജ്യമാകും ഇന്ത്യ.