Kerala, News

സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത;മൂന്നു ജില്ലകളിൽ ജാഗ്രത നിർദേശം

keralanews chance for heavy rains with thunderstorms in the state today yellow alert in three districts

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയോട് അനുബന്ധിച്ച്‌ പകല്‍ രണ്ടുമുതല്‍ രാത്രി പത്തുവരെ ശക്തമായ മിന്നലിന്‌ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്താണ് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണെന്നും അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നതാണെന്നും മുന്നറിയിപ്പില്‍ പറയന്നു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.മിന്നല്‍ സമയത്ത് തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികള്‍ കളിക്കരുത്‌.തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ജനലും വാതിലും അടച്ചിടണം. മിന്നല്‍ ഏറ്റ ആളിന്‌ പ്രഥമശുശ്രൂഷ നല്‍കാന്‍ മടിക്കരുത്‌. ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കണം. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഈ സമയങ്ങളില്‍ നില്‍ക്കരുത്‌. മൈക്ക് ഉപയോഗിക്കരുത്.ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. തുറസ്സായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച്‌ തല കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. ഇടിമിന്നലുള്ള സമയം ഫോണ്‍ ഉപയോഗിക്കരുത്‌. ഈ സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക. വീടിനു പുറത്താണെങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌.

Previous ArticleNext Article