തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഇന്നും വ്യാപകമഴക്കാണ് സാധ്യത. വടക്കന്‍കേരളത്തിലും മദ്ധ്യകേരളത്തിലും ഇന്ന് അതിതീവ്രമഴ ലഭിക്കും. കോട്ടയം മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.നാളെ വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. രാത്രി കാലങ്ങളിൽ മഴ ശക്തമാകുമെന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണം. മലയോര പ്രദേശങ്ങളില്‍ വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ഏഴ് വരെ ഗതാഗതം നിരോധിച്ചു. ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മീന്‍പിടുത്തത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ അഞ്ച് സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്.