തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർകോഡ് ജില്ലകൾ ഒഴികെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകളോടും സേനാ വിഭാഗങ്ങളോടും നിര്‍ദേശിച്ചു. മണ്ണിടിച്ചിലിനും മറ്റും സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ പുനരവധിവസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേരള തീരത്ത് വലിയ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള- ലക്ഷദ്വീപ് തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുളളതിനാൽ മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം പുറപ്പെടുച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം തന്നെ റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ക്യാമ്പുകൾ തയ്യാറാക്കേണ്ടതും ഈ വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടതുമാണ്. പൊതുജനങ്ങൾ തങ്ങളുടെ പ്രദേശത്തെ ക്യാമ്പുകളുടെ വിവരം മനസ്സിലാക്കി വെക്കുകയും മഴ ശക്തിപ്പെടുന്ന ഉടനെ തന്നെ ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനത്തേക്കോ മാറുകയും ചെയ്യണം.അപകട സാധ്യതയുള്ള വീടുകളിൽ അധിവസിക്കുന്നവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉടനടി മാറേണ്ടതുമാണ്. പകൽ സമയത്ത് മഴ മാറി നിൽക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കാൻ പാടുള്ളതല്ല. കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരാവുന്നതും ചിലപ്പോൾ തെറ്റുകൾ സംഭവിക്കാവുന്നതുമാണ്. അതുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിർദേശം പിൻവലിക്കുന്നത് വരെ സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.