Kerala, News

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; പ്രളയസാധ്യത തളളിക്കളയാനാവില്ലെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

keralanews chance for heavy rain in kerala warning that can not dismiss the possibility of flood

തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഓഗസ്റ്റ് ആദ്യവാരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള വിദൂരസാധ്യതയുണ്ട്.ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന. ഒറ്റപ്പെട്ട തീവ്രമഴക്കും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയകാലത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ രണ്ടുവര്‍ഷവും പ്രളയമുണ്ടായത് ഓഗസ്റ്റ് എട്ടുമുതലുള്ള ദിവസങ്ങളില്‍ ലഭിച്ച അതിതീവ്രമഴ കാരണമാണ്. ജൂണ്‍, ജൂലായില്‍ മഴകുറഞ്ഞ് ഓഗസ്റ്റില്‍ കുറച്ചു ദിവസം കനത്ത മഴ എന്ന രീതിയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുമുണ്ടായത്. ഇത്തവണയും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ജൂലായ് 31 മുതല്‍ ഓഗസ്റ്റ് ആറുവരെയുള്ള ആഴ്ചയുടെ അവസാനത്തോടെ ന്യൂനമര്‍ദം രൂപപ്പെടാനുള്ള വിദൂര സാധ്യതയാണ് ഒരാഴ്ച മുൻപ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്.ആഗോളതാപനത്തിന്റെ ഫലമായി മണ്‍സൂണ്‍ പ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാലവര്‍ഷത്തെ സംബന്ധിച്ച കൃത്യമായ പ്രവചനങ്ങള്‍പോലും അസാധ്യമാക്കുന്നതായി സെന്റര്‍ ഫോര്‍ എര്‍ത്ത് റിസര്‍ച്ച്‌ ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റിലെ കാലാവസ്ഥാ വിദഗ്ധനായ ഡോ. വേണു ജി. നായര്‍ പറഞ്ഞു.മുന്‍കൂട്ടിയുള്ള പ്രവചനം എത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍, കേരളത്തില്‍ കൂടുതല്‍ മഴപെയ്യാന്‍ അനുകൂലമായ അന്തരീക്ഷമാറ്റം അക്കാലത്ത് ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഈ മാറ്റം അതിതീവ്രമഴയ്ക്ക് കാരണമാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും പ്രളയസാധ്യത.

Previous ArticleNext Article