India, News

12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്;തമിഴ്‌നാട്ടില്‍ ജാഗ്രത നിർദേശം; 7 ജില്ലകളിലെ പൊതു ഗതാഗതം താത്കാലികമായി നിര്‍ത്തി

keralanews chance for cyclone in tamilnadu in 12 hours alert issued public transportation temporarily stopped in seven districts

ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടിലും അടുത്ത പ്രദേശങ്ങളിലും അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് ജാഗ്രതാ നിര്‍ദ്ദേശം.പുതുച്ചേരി,ആന്ധ്ര തീരങ്ങളിലും അതീവ ജാഗ്രത തുടരുന്നു. തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധി നല്‍കിയിരിക്കുയാണ്. നിരവധി ട്രെയിന്‍ – വിമാന സര്‍വീസുകള്‍ റദ്ദാക്കി. പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു കഴിഞ്ഞു.ജനങ്ങളില്‍ ആശങ്ക വേണ്ടെന്നും സുരക്ഷാ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.വടക്കന്‍ തമിഴ്‌നാട്ടിലെ കടലോര ജില്ലകളില്‍ ക്യാമ്പുകൾ തുറന്നു. തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. ഭക്ഷണവും കുടിവെള്ളവും ഉറപ്പ് വരുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.ചെന്നൈയില്‍ നിന്നുള്ള സബ്ബര്‍ബന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെ 24 ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ തല്‍ക്കാലത്തേക്ക് റദ്ദാക്കി. ചെന്നൈ ചെങ്കല്‍ പ്പേട്ട് ഉള്‍പ്പടെ ഏഴ് ജില്ലകളില്‍ പൊതുഗതാഗതം വ്യാഴാഴ്ച വരെ നിര്‍ത്തിവച്ചു.ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ച്‌ സുരക്ഷാ മുന്നൊരുക്കങ്ങളെകുറിച്ച്‌ അന്വേഷിക്കുകയും, ആവശ്യമായ കേന്ദ്രസഹായവും ഉറപ്പ് നല്‍കി.അതേസമയം കാരയ്ക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഒൻപത് ബോട്ടുകള്‍ ഇതുവരെ കണ്ടെത്താനായില്ല.നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നേരത്തെ വിലക്കിയിരുന്നു. ചൊവ്വാഴ്ചയാണ് ഈ ബോട്ടുകള്‍ കടലിലേക്ക് പോയത്. കാരയ്ക്കലില്‍ നിന്നും പോയ 23 ബോട്ടുകളില്‍ ഈ ഒമ്പതെണ്ണത്തെ മാത്രം ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.ഒൻപത് ബോട്ടുകളിലായി അൻപതിലേറെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയിട്ടുണ്ടെന്നാണ് വിവരം.

Previous ArticleNext Article