ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തെ തുടര്‍ന്ന് തപോവന്‍ മേഖലയിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. പ്രളയത്തിലെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.ഗര്‍വാല്‍ സര്‍വ്വകലാശാലയിലെ ജിയോളജിസ്റ്റ് ഡോ.നരേഷ് റാണയും മേഖലയിലെ ചില ഗ്രാമീണരുമാണ് തടാകം രൂപപ്പെടുന്നതായി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.തടാകം പൂര്‍ണതോതില്‍ രൂപപ്പെട്ടാല്‍ ഋഷി ഗംഗ നദിയുടെ ഒഴുക്ക് തടസ്സപ്പെടും. ഇത് ഭാവിയില്‍ വലിയ പ്രളയത്തിനുള്ള സാദ്ധ്യതയ്ക്ക് വഴിയൊരുക്കുമെന്നുമാണ് മുന്നറിയിപ്പ്. 400മീറ്റര്‍ ദൂരത്തിലാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. ഋഷി ഗംഗ ജലവൈദ്യുതി പദ്ധതി സ്ഥിതിചെയ്തിരുന്ന സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ ഉയരത്തിലാണ് തടാകത്തിന്റെ സ്ഥാനം.പ്രളയത്തെ തുടര്‍ന്ന് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്നതിനാല്‍ സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറും സ്ഥിരീകരിച്ചു. 2015ലെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ അവിടെ നേരത്തെ തടാകം ഇല്ലായിരുന്നുവെന്നും വ്യക്തമായി.