കണ്ണൂർ:ചാലയിൽ ടാങ്കർ ലോറി മറിഞ്ഞ് പാചക വാതകചോർച്ചയുണ്ടായ ടാങ്കറിൽ നിന്ന് വാതകം പൂർണമായും മാറ്റി.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കോഴിക്കോട്ടുനിന്നും മംഗളൂരുവില്‍നിന്നും എത്തിയ വിദഗ്ധര്‍ മറിഞ്ഞ ടാങ്കറിലെ പാചകവാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റിയത്. പ്രശ്നം പൂർണമായും പരിഹരിച്ചതിന് പിന്നാലെ പ്രദേശത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. അപകടത്തിന് പിന്നാലെ പ്രദേശത്ത് ഒഴിപ്പിച്ച കുടുംബങ്ങളും വീടുകളിൽ തിരികെയെത്തി. കൂടാതെ ഇന്നലെ രണ്ട് മണി മുതൽ നിരോധിച്ച ദേശീയ പാതയിലൂടെയുള്ള ഗതാഗതവും പുനഃസ്ഥാപിച്ചു.അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് പ്രദേശത്ത് നിന്ന് മാറ്റി.മംഗലാപുരത്ത് നിന്നും വാതകവുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ടാങ്കറിന്റെ മൂന്നിടങ്ങളിൽ ചോർച്ചയുണ്ടായിരുന്നു.ടാങ്കറില്‍നിന്നുള്ള വാതകം അന്തരീക്ഷത്തില്‍ കലര്‍ന്ന് തീ പിടിക്കാതിരിക്കാന്‍ ഫയര്‍ഫോഴ്സ് തുടര്‍ച്ചയായി വെള്ളം ചീറ്റിക്കൊണ്ടിരുന്നു. അതോടൊപ്പം മറിഞ്ഞ ടാങ്കറില്‍നിന്ന് വാതകം പുറത്തേക്ക് വരുന്ന ഭാഗങ്ങളില്‍ മണ്ണിട്ട് ചോര്‍ച്ച തടയുകയുമാണ് ചെയ്തത്.ഇങ്ങനെ ടാങ്കറിന് ചുറ്റും മണല്‍തിട്ട തീര്‍ക്കാന്‍ ഞൊടിയിടയില്‍ മണ്ണ് ചുമന്ന് എത്തിച്ചുനല്‍കിയത് നാട്ടുകാരായ യുവാക്കളാണ്. ഒരുപക്ഷേ, ജീവന്‍പോലും പണയപ്പെടുത്തിയുള്ള ഈ രക്ഷാപ്രവര്‍ത്തനമാണ് വലിയൊരു ദുരന്തം തടയാന്‍ തുണയായത്.വിദഗ്ധര്‍ എത്തുന്നതുവരെ ചോര്‍ച്ച നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയതെന്നും ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ ഉചിതമായ ഇടപെടല്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഐ.ഒ.സിയില്‍നിന്നുള്ള വിദഗ്ധര്‍ പറഞ്ഞു.