ന്യൂഡല്‍ഹി: ഫെബ്രുവരി ആദ്യ ആഴ്ച മുതല്‍ കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിർദേശം.ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്സിന്‍ വിതരണവും ഇതോടൊപ്പം തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.വാക്സിന്‍ നല്‍കേണ്ട കൊവിഡ് മുന്‍നിര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നിലവില്‍ 61 ലക്ഷം പേരുടെ വിവരങ്ങള്‍ കൊവിഡ് പോര്‍ട്ടലില്‍ സമാഹരിച്ചു കഴിഞ്ഞു. ഫെബ്രുവരി ആദ്യ വാരം മുതല്‍ മുന്നണി പ്രവര്‍ത്തകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും വാക്സിനേഷന്‍ ഒരുമിച്ച് നടത്തണമെന്ന് നിര്‍ദേശിച്ചതായും മന്ത്രാലയം വ്യക്തമാക്കി.വാക്സിനേഷന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത് ജനുവരി 16ന് ആണ്. വെള്ളിയാഴ്ച വരെ 29,28,053 പേരാണ് രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന മുന്നണി പ്രവര്‍ത്തകര്‍ക്കുമാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്.