ന്യൂഡൽഹി:കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍.രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കോവിഡ് പരിശോധനയ്ക്ക് വിധേയരാവാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുള്‍പ്പെടെ യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.ഇതോടെ പരിശോധനയുമായി ബന്ധപ്പെട്ട തടസങ്ങള്‍ മാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇതേ തുടര്‍ന്ന് രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിച്ചു.കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 2,29,588 പേരില്‍ കോവിഡ് പരിശോധന നടത്തി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനയുടെ എണ്ണം ഏതാണ്ട് ഒരു കോടിക്കടുത്തായി. വ്യാഴാഴ്ച വരെ 90,56,173 സാംപിളുകള്‍ പരിശോധിച്ചു.രാജ്യത്ത് കോവിഡ് പരിശോധനയ്ക്കായി മൊത്തം 1065 ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതില്‍ 768 എണ്ണം സര്‍ക്കാര്‍ ലാബുകളാണ്. ഇതിനുപുറമേ, പരിശോധനാ ക്യാമ്പുകൾ, മൊബൈല്‍ വാനുകള്‍ എന്നിവയിലൂടെ കൂടുതല്‍ പരിശോധനകള്‍ നടത്താനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.അതേസമയം, കോവിഡിനുള്ള മുഖ്യ പരിശോധനയായ ആര്‍ടി- പിസിആര്‍ ടെസ്റ്റിനുപുറമേ റാപ്പിഡ് ആന്റിജന്‍ പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റും നടത്തി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.