ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന നിലപാട് ഹൈക്കോടതിയിൽ ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്നാല്‍ നിലവിലെ ലോക്ഡൗണിന്റെ ഉദ്ദേശ്യം നടപ്പാകില്ലെന്ന് കേന്ദ്രം അറിയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് എന്തൊക്കെ സഹായങ്ങള്‍ നല്‍കാം എന്നത് കേന്ദ്രം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് 23ന് വിശദമായ പ്രസ്താവന നല്‍കണം.കേസ് 24ന് വീണ്ടും പരിഗണിക്കും.ലേബര്‍ ക്യാമ്പുകളിൽ അടക്കം കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അടിയന്തര ചികിത്സയും പരിചരണവും ലഭ്യമാക്കാന്‍ യാത്രാവിലക്കില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി ദുബൈ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, സുപ്രീംകോടതി അഭിഭാഷകന് ഹാരിസ് ബീരാന്, അഡ്വ. മുഹമ്മദ് ഷാഫി എന്നിവര്‍ മുഖേനയാണ് റിട്ട് ഹരജി ഫയല്‍ ചെയ്തത്. ചാര്‍ട്ടഡ് വിമാനങ്ങളില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സർവീസ് തുടങ്ങാന്‍ തയാറാണെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബൈ കമ്പനികൾ അറിയിച്ചിട്ടും സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് നിയമവഴി തേടിയത്. സന്നദ്ധത അറിയിച്ച വിമാന കമ്പനികൾ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ക്വാറന്റൈന് ചെയ്ത് വൈദ്യസഹായം ലഭ്യമാക്കണം. യു.എ.ഇയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് വിദേശകാര്യമന്ത്രിക്കും ഇന്ത്യന്‍ സ്ഥാനപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെ.എം.സി.സി കത്തു നല്‍കിയിരുന്നു.