ന്യൂഡൽഹി:ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ.എൻആർസി രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന് വേണ്ടിയുളള ഒരു തീരുമാനവും ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല എന്നാണ് ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രാലയം രേഖാമൂലം അറിയിച്ചിരിക്കുന്നത്. ഇതാദ്യമായാണ് പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് കേന്ദ്രം രേഖാമൂലം പ്രതികരിക്കുന്നത്.ദേശീയ പൗരത്വ ഭേദഗതി നിയമം, എൻ.പി.ആർ, എൻ.ആർ.സി എന്നിവക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ആസാമില്‍ മാത്രമാണ് എന്‍ആര്‍സി നടപ്പിലാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഇക്കാര്യത്തിൽ ഇത് വരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് പറഞ്ഞു കൊണ്ടിരുന്നത്. കഴിഞ്ഞ നവംബറില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കും എന്നാണ്. മാത്രമല്ല ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയിലും അമിത് ഷാ ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ദില്ലി രാം ലീല മൈതാനിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കും എന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നായിരുന്നു.ഇതോടെ പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും വാക്കുകളിലെ വൈരുദ്ധ്യം വലിയ ചര്‍ച്ചയായി. പിന്നാലെ അമിത് ഷാ പഴയ നിലപാട് തിരുത്തി രംഗത്ത് എത്തി. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെന്നും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുന്നതിനെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അമിത് ഷാ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.പ്രതിഷേധം കനക്കുന്നതിനിടെ കേന്ദ്ര സർക്കാർ നിലപാട് മയപ്പെടുത്തുകയാണെന്നാണ് സൂചന.