Kerala, News

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച ആരോഗ്യപ്രവർത്തകരായ ആസിഫിന്റെയും ഡോണയുടെയും കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കി

keralanews central govt give 50 lakh rupees to the families of asif and dona died during covid duty

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച ആസിഫിന്റെയും ഡോണയുടെയും കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ 50ലക്ഷം വീതം നല്‍കി. ഇവരുടെ ഇന്‍ഷുറന്‍സ് തുകയാണ് കുടുംബത്തിന് കൈമാറിയത്. തൃശൂര്‍ ചാവക്കാട് തൊട്ടാപ്പ് ആറാകടവില്‍ അബ്ദുവിന്റെ മകന്‍ എ.എ. ആസിഫ് (22), തൃശൂര്‍ പെരിങ്ങോട്ടുക്കര താണിക്കല്‍ ചെമ്മണ്ണാത്ത് വര്‍ഗീസിന്റെ മകള്‍ ഡോണ (23) എന്നിവര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടങ്ങളില്‍ പെട്ടാണ് മരിച്ചത്.മാര്‍ച്ച്‌ 26ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചത്. കോവിഡ്19ന്റെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ആസിഫ്. ഏപ്രില്‍ 10ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ആസിഫ് ഓടിച്ച്‌ പോയ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു മരണം.തൃശൂര്‍ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള 108 ആംബുലന്‍സിന്റെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആയിരുന്നു ഡോണ. മേയ് നാലിന് രാത്രി 7ന് കോവിഡുമായി ബന്ധപ്പെട്ട രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ടാണ് ഡോണ മരിച്ചത്.

Previous ArticleNext Article