India, News

നോട്ടസാധുവാക്കൽ ആർബിഐയുടെ അനുമതിയില്ലാതെയെന്ന് വിവരാവകാശ രേഖ

keralanews central govt did not seek permission from rbi
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.)യുടെ അനുമതി ഇല്ലാതെയെന്ന് വിവരാവകാശ രേഖ.2016 നവംബർ എട്ടിന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ, ഡിസംബർ 15-നാണ് ആർ.ബി.ഐ. തീരുമാനം അംഗീകരിക്കുന്നത്. നോട്ടുനിരോധനം നടപ്പായി 86 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയശേഷമായിരുന്നു ഇത്.പൊതുതാത്‌പര്യം മുൻനിർത്തി തീരുമാനം അംഗീകരിക്കുന്നതായാണ് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അസാധുവാക്കലിന് രണ്ടരമണിക്കൂർ മുമ്പുനടന്ന ആർ.ബി.ഐ. ബോർഡ് യോഗത്തിൽ അംഗങ്ങൾ ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തി.നടപടി സാമ്പത്തികവളർച്ചയെ നടപ്പുവർഷം പിന്നോട്ടടിപ്പിക്കുമെന്നും കള്ളപ്പണം നിയന്ത്രിക്കാനാവില്ലെന്നും ആർ.ബി.ഐ. ഗവർണർ ഉർജിത് പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുന്നറിയിപ്പ് നൽകി.അന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ആർ.ബി.ഐ. ഗവർണർ ശക്തികാന്തദാസും യോഗത്തിൽ സന്നിഹിതനായിരുന്നു.ആർ.ബി.ഐ. യോഗത്തിന്റെ മിനുട്സിൽ നോട്ടുനിരോധനം നടപ്പാക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകളും ബോർഡംഗങ്ങൾ നിരത്തുന്നുണ്ട്. ആറുമാസത്തോളം ഇതുസംബന്ധിച്ച് ആർ.ബി.ഐ.യും കേന്ദ്രസർക്കാരും ചർച്ചകൾ നടത്തിയിരുന്നതായും മിനുട്സിൽ വ്യക്തമാവുന്നു.അഞ്ചുവർഷത്തിനുള്ളിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളിൽ വൻവർധന ഉണ്ടായെന്ന്‌ ചൂണ്ടിക്കാട്ടിയാണ് നോട്ടുനിരോധിക്കുന്നതിന് ധനമന്ത്രാലയം ആർ.ബി.ഐ.യുടെ അനുമതി തേടിയത്.രാജ്യത്ത് മൊത്തം 400 കോടിയുടെ കള്ളപ്പണമാണ് ക്രയവിക്രയം ചെയ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിൽ നോട്ടുകൾ അസാധുവാക്കണമെന്നും  കേന്ദ്രം വാദിച്ചു.എന്നാൽ, സാമ്പത്തികവളർച്ചയുമായി താരതമ്യംചെയ്യുമ്പോൾ പ്രചാരത്തിലുള്ള 400 കോടിയുടെ കള്ളപ്പണം നാമമാത്രമാണെന്നായിരുന്നു ആർ.ബി.ഐ.യുടെ നിലപാട്.വിനോദസഞ്ചാരമേഖലയിലടക്കം നോട്ടുനിരോധനം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ബോർഡ് യോഗം മുന്നറിയിപ്പ്‌ നൽകി. നോട്ടുനിരോധനത്തിന്റെ അനന്തരഫലങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ആർ.ബി.ഐ. ആവശ്യപ്പെട്ടു. വിവരാവകാശപ്രവർത്തകൻ വെങ്കടേഷ് നായകിനാണ് ആർ.ബി.ഐ.യിൽ നിന്ന് മിനുട്സ് ലഭിച്ചത്. കോമൺവെൽത്ത് ഹ്യൂമൻ‌റൈറ്റ്സ് ഇനിഷ്യേറ്റീവിന്റെ വെബ്സൈറ്റ് വഴിയാണ് അദ്ദേഹമത് പുറത്തുവിട്ടത്.
Previous ArticleNext Article