ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചു നിന്നതോടെയാണ് ശുപാര്‍ശ അംഗീകരിക്കാന്‍ തയ്യാറായത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെയും സീനിയര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രിം കോടതി ജഡ്ജിമാരാക്കാന്‍ ജനുവരി 10 ന് ചേര്‍ന്ന കൊളീജിയമാണ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ കൊളീജിയം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി നിയമിക്കുകയും ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് ജൂലായ് 16ന് യോഗം ചേര്‍ന്ന് ജോസഫിനെ ജഡ്ജിയാക്കാന്‍ കൊളീജിയം വീണ്ടും പ്രത്യേകം ശുപാര്‍ശ നല്‍കുകയായിരുന്നു. ഒരു പേര് രണ്ടാമതും കൊളീജിയം ശുപാര്‍ശ ചെയ്താല്‍ അത് അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. 2016ല്‍ ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ കെ.എം.ജോസഫ് തടഞ്ഞതാണ് അദ്ദേഹത്തെ തഴഞ്ഞതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, അഖിലേന്ത്യാ തലത്തിലുള്ള സീനിയോറിറ്റിയില്‍ 42ആം സ്ഥാനത്താണ് ജസ്റ്റിസ് കെ.എം.ജോസഫ് എന്ന വാദം ഉയര്‍ത്തിയാണ് കേന്ദ്രം ഇതിനെ പ്രതിരോധിച്ചത്.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയ്ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഫയലുകള്‍ നിയമ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.