ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുമായി കേന്ദ്രം.കോവിഡ് ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ കടകള്‍ തുറക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവിറക്കി.ചെറുകിട, ഇടത്തരം ഷോപ്പുകൾക്കാണ് അനുമതി. പലചരക്ക് കടകള്‍ മാത്രമല്ല അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ അല്ലാത്ത കടകളും തുറക്കാം. ഷോപ്പിംഗ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയുണ്ട്. ജീവനക്കാര്‍ മാസ്ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളില്‍ ഇളവ് ബാധകമാകില്ല. ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കടകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നഗരസഭാ, കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് പാര്‍പ്പിട സമുച്ചയങ്ങളിലേയും മാര്‍ക്കറ്റ് സമുച്ചയങ്ങളിലേയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകളിലെ ഷോപ്പുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. അവ തുറക്കാന്‍ അനുമതിയില്ല.നഗരസഭാ, കോര്‍പറേഷന്‍ പരിധിയില്‍ അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം.രാജ്യത്ത് കോവിഡ് രോഗ വ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിലാണ് കടകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് 10 ദിവസം എടുക്കുന്നു. 28 ദിവസമായി 15 ജില്ലകളിലും 14 ദിവസമായി 80 ജില്ലകളിലും രോഗബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. അടച്ചുപൂട്ടൽ ഇല്ലായിരുന്നുവെങ്കില്‍ രോഗബാധിതർ ഒരു ലക്ഷം കടന്നേനെ എന്നാണ് നീതി ആയോഗിന്റെ പ്രതികരണം.