ന്യൂഡൽഹി: മെഡിക്കല്‍ ഓക്സിജനും അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ.തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരും.രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീപരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.ഓക്സിജന്റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനറേറ്ററുകള്‍, സ്റ്റോറേജ് ടാങ്കുകള്‍, ഫില്ലിങ് സംവിധാനങ്ങള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍ തുടങ്ങി ആരോഗ്യ രംഗത്ത് ആവശ്യമായ ഉപകരണങ്ങളുടെ ഇറക്കുമതിക്കും ഈ ഇളവുണ്ടാകും. കസ്റ്റംസ് ക്ലിയറന്‍സ് വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരു നോഡല്‍ ഓഫിസറെയും നിയമിച്ചു.ഇറക്കുമതി ചെയ്യുന്ന കൊറോണ പ്രതിരോധ വാക്‌സിനുകൾക്കും കസ്റ്റംസ് തീരുവ ഒഴിവാക്കാൻ തീരുമാനമായിട്ടുണ്ട്.മൂന്നുമാസത്തേക്കാണ് ഇവയ്ക്കും തീരുവ ഒഴിവാക്കുക.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗത്തിൽ കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പിയുഷ് ഗോയൽ എന്നിവരടക്കം പങ്കെടുത്ത് സ്ഥിതിഗതികൾ വിശദീകരിച്ചു. കൂടാതെ പ്രധാനമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണെന്നും നിലവിലെ സ്ഥിതി ഉടൻ മെച്ചപ്പെടുമെന്നും യോഗത്തിന് ശേഷം പിയുഷ് ഗോയൽ പ്രതികരിച്ചു.