ന്യൂഡൽഹി: പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിന് 50,000 ടണ്‍ അരി നല്‍കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ സംസ്ഥാനത്തിന് ഉറപ്പ് നല്‍കി. ദില്ലിയില്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാനത്തിന് ആശ്വാസമാകുന്ന നിര്‍ണ്ണായക പ്രഖ്യാപനം കേന്ദ്രമന്ത്രി നടത്തിയത്.ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതല്‍ ലഭ്യമാക്കും. ഇത് നവംബര്‍ മാസം മുതല്‍ പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (പി എച് എച്) പ്രയോറിറ്റി വിഭാഗങ്ങളുടെ എണ്ണം എന്‍ എഫ് എസ് എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്.എന്നാൽ ഈ വിഭാഗങ്ങളിൽ കേരളത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ട്. അയതിനാൽ ഇത് സംബന്ധിച്ച നിബന്ധനകൾ പരിഷ്‌കരിക്കണം എന്ന് കൂടിക്കാഴ്ചയിൽ കേരളം ആവശ്യപ്പെട്ടു. സംസ്ഥാനം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി.