ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി.മറ്റൊരു പേരിലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടാം.സര്‍വീസ് ചാര്‍ജിനെക്കുറിച്ച് ഹോട്ടല്‍ ഉടമ ഉപഭോക്താക്കളോട് വ്യക്തമാക്കുമ്പോൾ ചാര്‍ജ് നല്‍കണമെന്ന് ആവശ്യപ്പെടരുതെന്നും ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതായത് റെസ്റ്റോറന്റിന്റെ പക്ഷത്ത് നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുകയും താല്‍പര്യമുണ്ടെങ്കില്‍ സ്വമേധയാ തരാമെന്ന് ഉപഭോക്താക്കളെ അറിയിക്കുകയും മാത്രമാണ് ചെയ്യാന്‍ പാടുള്ളതെന്ന് ഉത്തരവില്‍ പറയുന്നു.