ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് ബാധയുടെ പേരില്‍ അന്തര്‍-സംസ്‌ഥാന, അന്തര്‍-ജില്ലാ യാത്രകള്‍ക്കും ചരക്കു നീക്കത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദേശം.ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്‌ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ വിവിധ സംസ്‌ഥാനങ്ങളും ജില്ലാ ഭരണകൂടങ്ങളും യാത്രകള്‍ക്കും ചരക്കു നീക്കത്തിനും വിലക്കേര്‍പ്പെടുത്തുന്നത് ദുരന്ത നിവാരണ നിയമം 2005-ന്റെ ലംഘനമാണെന്നും കത്തില്‍ പറയുന്നു.രാജ്യം അണ്‍ലോക്ക് മൂന്നിലൂടെയാണ് കടന്നു പോകുന്നത്. ആളുകള്‍ക്കും ചരക്കുസേവനങ്ങള്‍ക്കും വിവിധ സംസ്‌ഥാനങ്ങള്‍ തദ്ദേശിയമായി നിയന്ത്രണമേര്‍പ്പെടുത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നടപടി. ഇത്തരം നിയന്ത്രണങ്ങള്‍ പൊതുവിതരണത്തേയും സമ്ബദ്‌വ്യവസ്‌ഥയുടെ വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. ദുരന്ത നിവാരണ നിയമം പ്രകാരം കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളുടെ അഞ്ചാം ഖണ്ഡിക ഉദ്ധരിച്ച് ജനങ്ങള്‍ക്ക് യാത്രയ്‌ക്കോ ചരക്കു നീക്കത്തിനോ ഇ-പാസ് ആവശ്യമില്ലെന്നും കത്തില്‍ വ്യക്‌തമാക്കുന്നു. സംസ്ഥാന അതിര്‍ത്തികളില്‍ ഏതെങ്കിലും വിധത്തിലുള്ള തടസ്സപ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യണമെന്നും ആഭ്യന്തര സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്‌ഡൗണിന്റെ ഭാഗമായി അന്തര്‍-സംസ്‌ഥാന ചരക്കു നീക്കത്തിനും യാത്രകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം കേന്ദ്രം പ്രഖ്യാപിച്ച അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഈ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കി.