ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക സമരത്തിനിടെ കടുത്ത നടപടികളുമായി കേന്ദ്രം.ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.കെ.കെ. രാഗേഷ് എം.പിയും അഖിലേന്ത്യാ കിസാന്‍ സഭാ ജോ.സെക്രട്ടറി കൃഷ്ണ പ്രസാദും ബിലാസ്പുരില്‍ വെച്ച് അറസ്റ്റിലായി.ഇന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഇടതുനേതാക്കളെയാണ് ബിലാസ്പൂരിലടക്കം അറസ്റ്റ് ചെയ്തത്.രാജസ്ഥാനിലെ സിപിഎം നേതാവ് അമ്രറാം, മറിയം ധാവ്ലെ എന്നിവരും അറസ്റ്റിലായിരിക്കുകയാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ അരുണ്‍ മേത്ത ഗുജറാത്തില്‍ വെച്ച് അറസ്റ്റിലായി. യു.പിയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സുഭാഷിണി അലിയുടെ വീടിന് മുന്പില് പോലീസ് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.നേരത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വീട്ടുതടങ്കലിലാക്കുകയും സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു പൊലീസ്.തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതായി ചന്ദ്രശേഖര്‍ ആസാദ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പോലീസിനൊപ്പം ഇരിക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ വീണ്ടും അടിയന്തരാവസ്ഥ കാലഘട്ടത്തിലേക്ക് പോയിരിക്കുന്നു എന്നാണ് ആസാദിന്റെ ട്വീറ്റ്. ഇന്ന് നമ്മുടെ അന്ന ദാതാക്കളായ കര്‍ഷകര്‍ക്ക് നമ്മളെ ആവശ്യമുണ്ട്. എന്നാല്‍ യോഗി സര്‍ക്കാരിന്റെ പോലീസ് തന്നെ രാവിലെ മുതല്ക്കേ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് എന്നാണ് ആസാദ് ട്വീറ്റ് ചെയ്തിരിക്കുന്നത്.