ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടക്കുന്ന ആറാംവട്ട ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിമാറി. കര്‍ഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികള്‍ എഴുതി നല്‍കാമെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ഷക സംഘടന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച വൈകീട്ട് 15-ഓളം കര്‍ഷക സംഘടനാ നേതാക്കളാണ് ചര്‍ച്ച നടത്തിയത്. കാര്‍ഷിക നിയമങ്ങളിലെ ന്യായീകരണങ്ങള്‍ കേന്ദ്രം ആവര്‍ത്തിച്ചതിനാല്‍ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. ഇതോടെ ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറി. ഇന്ന് സംഘടനകള്‍ യോഗം ചേരും. ചൊവ്വാഴ്ച അമിത് ഷായുടെ വസതിയിലാണ് ആദ്യം ചര്‍ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് വേദി മാറ്റി. കൃഷിമന്ത്രാലയത്തിനു കീഴിലെ പുസ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് ചര്‍ച്ചയുടെ വേദി മാറ്റിയത്. കാര്‍ഷിക നിയമം പിന്‍വലിച്ചുള്ള ഒത്തുതീര്‍പ്പ് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അഞ്ച് ഉറപ്പുകള്‍ എഴുതി നല്‍കാമെന്ന് അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ ചര്‍ച്ചയിലും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് പറഞ്ഞ കര്‍ഷകര്‍ നിയമം പിന്‍വലിക്കുമോ ഇല്ലേയെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഇത് നടക്കാതെ വന്നതോടെയാണ് ഇന്നത്തെ ചര്‍ച്ചയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം.തുടര്‍ നീക്കം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ 12 മണിക്ക് യോഗം ചേരും. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും വിഷയം ചര്‍ച്ച ചെയ്യും. അതേസമയം, കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചിനാണ് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടിആര്‍ ബാലു, എന്‍സിപി നേതാവ് ശരദ്പവാര്‍ തുടങ്ങിയവര്‍ പ്രതിനിധി സംഘത്തിലുണ്ടാകും. 11 പാര്‍ട്ടികളാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഞ്ചുപേര്‍ക്കാണ് അനുമതി നല്‍കിയത്.