ന്യൂഡൽഹി:കോവിഡ് വാക്സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍.വാക്സിന്‍ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാര്‍ഗരേഖ.ഓരോ വാക്സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും വാക്സിന്‍ കുത്തിവെക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മാത്രമേ കേന്ദ്രത്തിലുണ്ടാകാന്‍ പാടുള്ളൂവെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മൂന്നു മുറികളിലായിട്ടാണ് വാക്സിന്‍ കേന്ദ്രം ഒരുക്കേണ്ടത്. ആദ്യമുറി വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടര്‍ന്ന് വാക്സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും.അരമണിക്കൂറിനുളളില്‍ രോഗലക്ഷണങ്ങളോ, പാര്‍ശ്വഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാന്‍ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്യുണിറ്റി ഹാളുകള്‍ക്ക് പുറമെ താത്കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാവും സംസ്ഥാന സര്‍ക്കാരുകള്‍ ക്രമീകരണങ്ങള്‍ നടത്തുക.