ന്യൂഡൽഹി:വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ജിഎസ്ടി കൗണ്‍സിലിന്റെ 46-ാമത് യോഗമാണ് ദില്ലിയില്‍ ചേര്‍ന്നത്.ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ പ്രീ-ബജറ്റ് കൂടിയാലോചനയിലാണ് വിഷയം ചര്‍ച്ചയായത്.ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ദല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിഷയം ഉന്നയിച്ചിരുന്നത്. ടെക്സ്റ്റൈല്‍സിന്റെ ജിഎസ്ടി നിരക്ക് ഉയര്‍ത്തുന്നത് 2022 ജനുവരി 1 മുതല്‍ നിലവില്‍ വരുന്നതിനെ അനുകൂലിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കുകയായിരുന്നു.