India, Kerala, News

പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം;കേരളത്തിൽ ജാഗ്രതാ നിർദേശം

keralanews center declares bird flu as a state disaster alert in kerala
ന്യൂഡൽഹി:കേരളത്തിലെ രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. കെഎം ദിലീപ് പ്രതികരിച്ചു.രോഗം കൂടുതല്‍ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം.പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് കോഴിയും മുട്ടയും കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്കേര്‍പ്പെടുത്തി. തമിഴ്നാട് സര്‍ക്കാര്‍ അതിര്‍ത്തികളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നിയന്ത്രിക്കും. അതേസമയം മറ്റ് ജില്ലകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.ആലപ്പുഴയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ കോട്ടയം ജില്ലയിലെ നീണ്ടൂര്‍ എന്നിവിടങ്ങളിലെ താറാവുകളാണ് വലിയതോതില്‍ കഴിഞ്ഞ ദിവസം ചത്തൊടുങ്ങിയത്. തുടര്‍ന്ന് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലും സാമ്പിളുകൾ പരിശോധിച്ചു.എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തില്‍ എച്ച്‌5എന്‍8 വൈറസ് ആണ് പക്ഷിപ്പനിക്ക് കാരണമായതെന്നു കണ്ടെത്തി. വൈറസിന്റെ ജനിതകമാറ്റം അനുസരിച്ച്‌ ഇവ മാരകമാവുകയോ മനുഷ്യരിലേക്ക് പകരുകയോ ചെയ്യാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നുണ്ട്.കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്.
Previous ArticleNext Article