India, News

സെറം ഇന്‍സ്​റ്റിറ്റ്യൂട്ടിനോടും ഭാരത്​ ബയോടെകിനോടും കോവിഡ്​ വാക്‌സിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രം

keralanews center asked serum institute bharat biotech to reduce price of covid vaccine

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന വിലയെക്കാള്‍ കൂടിയ നിരക്കില്‍ ഇന്ത്യയില്‍ വില്‍പന നടത്താനുള്ള വാക്സിന്‍ കമ്പനികളുടെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഇടപെട്ട് കേന്ദ്രം.വാക്സിന് വില കുറക്കാന്‍ ഉല്‍പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.കേന്ദ്രം നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഇരു കമ്പനികളും പുതിയ വില ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.സെറം ഇന്‍സ്റ്റിറ്റ്യുട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് ഒരു വാക്സിന് വിലയിട്ടിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വാക്സിനായ കൊവാക്സിന് യഥാക്രമം 600ഉം 1,200ഉം ആണ് വില. ഇരു കമ്പനികളും കേന്ദ്ര സര്‍ക്കാറിന് 150 രൂപക്കാണ് വാക്സിന്‍ നല്‍കുക.ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ വാക്സിന്‍ നിയമപ്രകാരം മേയ് ഒന്നിനു ശേഷം മരുന്നുകമ്പനികള്‍ പകുതി വാക്സിനുകള്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കണം. അവശേഷിച്ച 50 ശതമാനം സംസ്ഥാന സര്‍ക്കാറുകള്‍ക്കോ സ്വകാര്യ വിപണിയിലോ വില്‍ക്കാം.ഇതോടെ വില കുത്തനെ കൂട്ടി വില്‍ക്കാന്‍ കളമൊരുക്കിയാണ് പുതിയ വാക്സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുയർന്നു.കേന്ദ്രത്തിന് നല്‍കുന്ന വിലക്ക് എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്നില്ലെന്ന ചോദ്യവും ഉയർന്നു.മരുന്ന് വില്‍പനവഴി കൊള്ളലാഭം ഉണ്ടാക്കാനുള്ള സമയമല്ലിതെന്നും കേന്ദ്രത്തിന് നല്‍കുന്ന 150 രൂപക്ക് സംസ്ഥാനങ്ങള്‍ക്കും നല്‍കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. കടുത്ത വിവേചനപരമായ തീരുമാനം വഴി വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് 1.11 ലക്ഷം കോടി കൊള്ളലാഭമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കിയതെന്ന് കോൺഗ്രസ്സും  കുറ്റപ്പെടുത്തി.ആദ്യം നല്‍കിയ വില പിന്നീട് പുതുക്കിയ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടു വിലയെയും ന്യായീകരിച്ചിരുന്നു. ആദ്യം സര്‍ക്കാര്‍ സഹായത്തോടെ ആയതിനാലാണ് ആ വിലക്ക് നല്‍കിയതെന്നും കൂടുതല്‍ ഉല്‍പാദനത്തിന് കൂടുതല്‍ നിഷേപം ആവശ്യമായതിനാലാണ് വില കൂട്ടിയതെന്നുമായിരുന്നു വിശദീകരണം.

Previous ArticleNext Article