ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച സിബിഎസ്ഇ പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന് നടക്കും. അതേസമയം പത്താംക്ലാസ് കണക്ക് പരീക്ഷ ഡൽഹിയിലും ഹരിയാനയിലും മാത്രമാകും നടത്തുക.കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്ഇ നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ല. അവിടങ്ങളിലെ വിദ്യാർഥികൾക്ക് വ്യത്യസ്ത ചോദ്യപേപ്പറാണ് ഉപയോഗിച്ചിരുന്നത്. അതിനാൽത്തന്നെ പുനഃപരീക്ഷ ആവശ്യമില്ലെന്നും അനിൽ അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകൾ റദ്ദാക്കിക്കൊണ്ട് സിബിഎസ്ഇ ബുധനാഴ്ചയാണ് ഉത്തരവിറക്കിത്. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്.പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതൽ ഡൽഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.പരീക്ഷാപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ രാജ്യമൊട്ടാകെ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.